ഒരാഴ്ച മുമ്പ് വയോജന കേന്ദ്രത്തിലെത്തി ഭർത്താവിനെ കണ്ടിരുന്നു, എന്നെ നോക്കി എന്തോ പറയാൻ ശ്രമിക്കുന്നുണ്ടായിരുന്നു- ഓർമ്മ പങ്കിട്ട് സൽ‍മ

വ്യത്യസ്തമായ പ്രമേയങ്ങളിലൂടെ മലയാളികൾക്ക് പുതിയ ചലച്ചിത്ര അനുഭവം നൽകിയ സംവിധായകനാണ് വിടവാങ്ങിയത്. 1976 മുതൽ 1998 വരെയുള്ള 22 വർഷങ്ങൾക്കിടയിൽ മലയാള സിനിമയ്ക്ക് കെജി ജോർജ് എന്ന സംവിധായകൻ നൽകിയത് വ്യത്യസ്ത കാഴ്ച്ചാ അനുഭവങ്ങളായിരുന്നു. . 1968-ൽ കേരള സർ‌വ്വകലാശാലയിൽ നിന്നു ബിരുദവും 1971-ൽ പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നു സിനിമാസംവിധാനത്തിൽ ഡിപ്ലോമയും നേടിയതിനു ശേഷമാണ് കെജി ജോർജ് മലയാള സിനിമയിലേക്ക് എത്തുന്നത്.

ഭാര്യ സൽമ ഭർത്താവിനെ അവസാനമായി കണ്ടതിനെക്കുറിച്ച് പറയുകയാണിപ്പോൾ. ഒരാഴ്ച്ച മുൻപാണ് സൽ‍മ ജോർജ്ജ് കാക്കനാട്ടെ വയോജന കേന്ദ്രത്തിൽ ചെന്ന് ഭർത്താവിനെ അവസാനമായി കണ്ടത്. മകനുമുണ്ടായിരുന്നു ഒപ്പം. ശനിയാഴ്ച്ച കാണുമ്പോൾ സംസാരിക്കാവുന്ന അവസ്ഥയിലായിരുന്നില്ല അദ്ദേഹം. മുഖത്തും വയറിലുമൊക്കെ ട്യൂബുകൾ. “എന്നെ നോക്കി എന്തോ പറയാൻ ശ്രമിക്കും പോലെ തോന്നി. സാരമില്ല എന്ന് പറഞ്ഞു ആശ്വസിപ്പിക്കയല്ലാതെ മറ്റൊന്നും ചെയ്യാൻ കഴിഞ്ഞില്ല അപ്പോൾ. വല്ലാത്ത ഒരവസ്ഥയിൽ ആയിരുന്നു ഞാനും.” കുറച്ചു കാലമായി മകനോടൊപ്പം ഗോവയിൽ താമസിക്കുന്ന സൽമയുടെ ശബ്ദം ഇടറുന്നു.

‌ഓർക്കുമ്പോൾ ആകെ ഒരു ശൂന്യതയാണ്. എന്നും ചുറുചുറുക്കോടെ, അളവറ്റ പ്രതീക്ഷയോടെ മാത്രം കണ്ടു ശീലിച്ച മനുഷ്യനെ അത്തരമൊരു നിസ്സഹായാവസ്ഥയിൽ കാണേണ്ടിവരും എന്ന് ഒരിക്കലും സങ്കല്പിച്ചിട്ടില്ല..” “ഉടൻ വീണ്ടും വരാം” എന്ന വാക്കുകളോടെ മനസ്സില്ലാമനസ്സോടെയാണ് അന്ന് വിടപറഞ്ഞതെങ്കിലും തിരിച്ചു ഗോവയിൽ എത്തിയ ശേഷം ഇത്ര നാളും ജോർജ്ജേട്ടന് വേണ്ടി ദൈവത്തോട് പ്രാർത്ഥിക്കുകയായിരുന്നു താനെന്ന് സൽ‍മ പറയുന്നു.

‌”നിഷ്ക്രിയനായി, നിസ്സംഗനായി ഒരു മുറിയുടെ നാല് ചുമരുകൾക്കുള്ളിൽ തളച്ചിടപ്പെട്ട ജോർജേട്ടനെ കുറിച്ച്‌ ചിന്തിക്കാൻ പോലുമാവില്ല എനിക്ക്. എന്നും സിനിമയായിരുന്നു അദ്ദേഹത്തിന്റെ പാഷൻ. ശയ്യാവലംബിയായ കാലത്ത് പോലും സിനിമയായിരുന്നു അദേഹത്തിന്റെ മനസ്സ് നിറയെ…” “എന്റെ ജീവിതത്തിന്റെ വഴി തിരിച്ചു വിട്ട പാട്ട് തന്നതും അദ്ദേഹമല്ലേ? മറക്കാനാവില്ല ആ കാലമൊന്നും..” ഉൾക്കടൽ എന്ന ചിത്രത്തിൽ ജയചന്ദ്രനോടൊപ്പം “ശരദിന്ദു മലർദീപ നാളം നീട്ടി” എന്ന പ്രശസ്ത ഗാനം പാടിയ സൽമയുടെ വാക്കുകളിൽ ഒരു ഗദ്ഗദം വന്നു നിറയുന്നു.

രാമു കാര്യാട്ടിന്റെ മായ എന്ന ചിത്രത്തിൽ സംവിധാന സഹായിയായി തുടങ്ങി. മൂന്ന് വർഷം അദ്ദേഹത്തിനൊപ്പം പ്രവർത്തിച്ച ശേഷം സ്വപ്നാടനത്തിലൂടെ സ്വതന്ത്ര സംവിധായകനായി. 1975 ൽ പുറത്തിറങ്ങിയ ആദ്യ സിനിമ ആ വർഷത്തെ മികച്ച ചിത്രത്തിനും മികച്ച തിരക്കഥയ്ക്കുമുള്ള കേരള സർക്കാർ ചലച്ചിത്രപുരസ്കാരം നേടി. കൂടാതെ, മികച്ച മലയാളചലച്ചിത്രത്തിനുള്ള ദേശീയ ചലച്ചിത്രപുരസ്കാരവും സ്വപ്നാടനം സ്വന്തമാക്കി. ചിത്രത്തിലെ അഭിനയത്തിന് എം.ജി. സോമന് മികച്ച രണ്ടാമത്തെ നടനുള്ള അവാർഡും നേടി.

The post ഒരാഴ്ച മുമ്പ് വയോജന കേന്ദ്രത്തിലെത്തി ഭർത്താവിനെ കണ്ടിരുന്നു, എന്നെ നോക്കി എന്തോ പറയാൻ ശ്രമിക്കുന്നുണ്ടായിരുന്നു- ഓർമ്മ പങ്കിട്ട് സൽ‍മ appeared first on Mallu Talks.



from Mallu Articles https://ift.tt/ATk3Yqw
via IFTTT
Previous Post Next Post