സ്വപ്‌നങ്ങൾക്ക് മുന്നിൽ പ്രായം ഒരു പ്രശ്‌നമേ അല്ല. പലരും പലവട്ടം ഇത് തെളിയിച്ചിട്ടുമുണ്ട്. ഇക്കൂട്ടത്തിലാണ് നടി മഞ്ജു വാര്യരുടെ അമ്മ ഗിരിജ മാധവനും. അമ്മയും സ്വപ്‌നം പൂവണിയുമ്പോൾ സാക്ഷിയായി മകൾ മഞ്ജു വാര്യരും ഉണ്ടായിരുന്നു. ഇപ്പോഴിതാ, അമ്മയുടെ പുതിയ നേട്ടം ആരാധകരെ അറിയിച്ചിരിക്കുകയാണ് താരം. ‘നിലാവെട്ടം’ എന്ന പുസ്തകം പുറത്തിറക്കിയിരിക്കുകയാണ് ഗിരിജ മാധവൻ.
പുസ്തക പ്രകാശന ചടങ്ങിന്റെ ചിത്രങ്ങൾ മഞ്ജു സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. സത്യൻ അന്തികാട്, മഞ്ജുവിന്റെ സഹോദരൻ മധു വാര്യർ എന്നിവരെയും ചിത്രങ്ങളിൽ കാണാം. അമ്മയും മോളും എല്ലാവർക്കും മാതൃകയാണ്, അമ്മയ്ക്ക് ആശംസകൾ, പെണ്ണെന്നാൽ പൊന്നെന്നു തെളിയിച്ചൊരു അമ്മയും മകളും തുടങ്ങിയ ആരാധക കമന്റുകളും പോസ്റ്റിനു താഴെ നിറയുന്നുണ്ട്.
2021 മാർച്ച് മാസത്തിൽ കൊച്ചി ദേവസ്വം ബോർഡിന് കീഴിലുള്ള പെരുവനം മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവത്തോട് അനുബന്ധിച്ചായിരുന്നു ഗിരിജ മാധവന്റെ കഥകളി അരങ്ങേറ്റം. കല്യാണസൗഗന്ധികം കഥകളിയിൽ പാഞ്ചാലി വേഷമാണ് അന്ന് ഗിരിജ മാധവൻ അവതരിപ്പിച്ചത്. ഒന്നര വർഷത്തോളമായി കലാനിലയം ഗോപിയുടെ ശിക്ഷണത്തിൽ കഥകളി അഭ്യസിച്ചു വരികയായിരുന്നു ഗിരിജ മാധവൻ. വർഷങ്ങളായി മോഹിനിയാട്ടവും അഭ്യസിക്കുന്നുണ്ട് ഇവർ.
ഒരർത്ഥത്തിൽ, അമ്മ ഗിരിജ വാര്യർ കണ്ട സ്വപ്നമാണ് മഞ്ജു വാര്യർ എന്ന നർത്തകി. മകളെ ചിലങ്ക അണിയിച്ചതും ഏറെ പരിമിതികൾക്കിടയിലും മഞ്ജുവിന്റെ നൃത്തപഠനത്തിന് കോട്ടം തട്ടാതെ മുന്നോട്ടുപോയതും അമ്മയുടെ ഇച്ഛാശക്തി ഒന്നുകൊണ്ട് മാത്രമാണെന്ന് മഞ്ജു നിരവധി തവണ അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. അമ്മ ഏറ്റവും സന്തോഷമായിരിക്കുന്ന കാര്യങ്ങൾ ചെയ്യൂവെന്ന് നിരന്തരം ഓർമ്മിപ്പിച്ചുകൊണ്ടിരിക്കുന്ന മഞ്ജുവാണ് തന്റെ പ്രചോദനമെന്ന് ഗിരിജ മാധവനും പറയുന്നു. പരസ്പരം പ്രചോദനമാകുന്ന ഈ അമ്മയും മകളും മലയാളികളെയും വിസ്മയിപ്പിക്കുകയാണ് ഇപ്പോൾ.
\
The post അമ്മ പറഞ്ഞത് വിശ്വസമായ നിമിഷം, മനസ് മുഴുവനും സന്തോഷവും അഭിമാനവും, സന്തോഷം പങ്കിട്ട് മഞ്ജു വാര്യർ appeared first on Mallu Talks.
from Mallu Articles https://ift.tt/vF0U9Xl
via IFTTT