ദിസ് ഇസ് റാങ് എന്ന് ചിരിച്ച് പറഞ്ഞ് കൊണ്ട് ബാല രോഗത്തെ തോൽപിച്ച് മടങ്ങി വരുമെന്ന് കരുതുന്നു- അഞ്ജു പാർവ്വതി പ്രഭീഷ്

പ്രിയ നടൻ ബാല കരൾ സംബന്ധമായ അസുഖത്തെ തുടർന്ന്ണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ബാലയെ കാണാൻ മുൻ ഭാര്യ അമൃത സുരേഷും ഗോപി സുന്ദറും, മകൾ പാപ്പുവും എത്തിയിരുന്നു. മുക്കാൽ മണിക്കൂറോളം അമൃതയും മകളും ബാലയ്ക്കൊപ്പം ചിലവഴിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിത ബാലയെ കുറിച്ച് മാധ്യമ പ്രവർത്തക അഞ്ജു പാർവതി പങ്കിട്ട ഒരു പോസ്റ്റാണ് ശ്രദ്ധനേടുന്നത്. ബാലയോട് തരിമ്പെങ്കിലും അനുകമ്പയുണ്ടെങ്കിൽ ഭൂതകാലം ചികഞ്ഞ് ഓഡിറ്റിങ് നടത്തരുതെന്നാണ് അഞ്ചു കുറിപ്പിൽ പറയുന്നത്.

കുറിപ്പിന്റെ പൂർണ്ണരൂപം

ഈ ഒരു രൂപത്തിൽ കണ്ടു തുടങ്ങിയതാണ് ബാലയെ. ഹൃദയത്തെ തൊടുന്ന നിറഞ്ഞ പുഞ്ചിരിയും തമിഴ് കലർന്ന മലയാളത്തിലുള്ള സംസാരവും കണ്ണുകളിലെ തിളക്കവും കാരണം ബാലയെന്ന നടനോട് വല്ലാത്തൊരു സ്നേഹം തോന്നിയിരുന്നു. പിന്നീട് ഒരുപാട് പ്രശ്നങ്ങളിലൂടെ കടന്നുപോയ ബാലയിൽ നിന്നും മാറാതെ നിന്നത് ഹൃദയത്തെ തൊടുന്ന ചിരി മാത്രമായിരുന്നു. ശരീരഭാഷയാകമാനം മാറിയ , കണ്ണുകളിലെ തിളക്കവും ഓജസ്സും നഷ്ടമായ ബാലയെ പിന്നീട് കാണുമ്പോൾ വേദന തോന്നിയിരുന്നു; ഒപ്പം കാരണമെന്തെന്നറിയാത്തൊരു നീരസവും. എങ്കിലും ബാലയെന്ന് കേൾക്കുമ്പോൾ മനസ്സിൽ ആദ്യമെത്തുന്നത് ആ പഴയ രൂപം തന്നെയായിരുന്നു.

ഇന്ന് പൊങ്കാല തിരക്കിനിടയിലാണ് ബാലയ്ക്ക് കരൾ രോഗമാണെന്നും അമൃത ഹോസ്പിറ്റലിൽ ആണെന്നുമുള്ള വാർത്ത കേട്ടത്. അപ്പോൾ വല്ലാത്തൊരു നോവ് തോന്നി. നമുക്ക് ആരുമല്ലെങ്കിലും നമ്മുടെ ആരെല്ലാമോ ആയിരുന്നു ആ നടനെന്ന് ഉള്ളിലെ നോവ് ഓർമ്മപ്പെടുത്തിക്കൊണ്ടേയിരുന്നു . അമ്മമ്മ മരിച്ച് ഒരു വർഷം ആകാത്തതിനാൽ പൊങ്കാല സമർപ്പണം ഉണ്ടായിരുന്നില്ല. എങ്കിലും ആറ്റുകാലമ്മയോട് ഇന്ന് പ്രാർത്ഥിച്ചത് മുഴുവൻ ബാലയെ തിരികെ ജീവിതത്തിലേയ്ക്ക് മടക്കി കൊണ്ടു വരണേ എന്ന് മാത്രമായിരുന്നു. കരൾ രോഗത്തോട് ദിസ് ഇസ് റാങ് എന്ന് ചിരിച്ചുപ്പറഞ്ഞു കൊണ്ട് ആ നടൻ രോഗത്തെ തോല്‌പിച്ച് മടങ്ങി വരും എന്ന് തന്നെ കരുതുന്നു ; ആത്മാർത്ഥമായി ആഗ്രഹിക്കുന്നു .

രോഗാവസ്ഥയിലുള്ള ആ മനുഷ്യനോട് തരിമ്പെങ്കിലും അനുകമ്പ ഉണ്ടെങ്കിൽ നമ്മൾ ചെയ്യേണ്ടത് അദ്ദേഹത്തിൻ്റെ ഭൂതകാലം ചികഞ്ഞ് ഓഡിറ്റിങ് നടത്തരുതെന്നാണ്. പിണക്കങ്ങളും ഇണക്കങ്ങളും ജീവിതത്തിൻ്റെ ഭാഗമാണ്. ഒരിക്കൽ അദ്ദേഹത്തിൻ്റെ ജീവിതത്തിൻ്റെ ഭാഗമായിരുന്നതും , പിന്നീട് മാറി നടന്നവരുമായവർ , അത് ജീവിതം പങ്കിട്ട അമൃത ആയാലും ഹൃദയത്തെ തൊട്ടറിഞ്ഞ സൗഹൃദങ്ങളായാലും അദ്ദേഹത്തിൻ്റെ രോഗാവസ്ഥയിൽ സാന്ത്വനമായി കൂടെയുണ്ട്. ആ സാന്ത്വനം നല്കുന്ന കരുത്ത് മാത്രം മതി ഒരു മനുഷ്യന് ഏതൊരു രോഗത്തെയും തോല്പിക്കുവാൻ. ഈ ഒരു ഘട്ടത്തിൽ ഭൂതകാലം എടുത്ത് കുടഞ്ഞ് പൊളിറ്റിക്കൽ കറക്ട്നെസ്സ് നടത്താനും ഓഡിറ്റിങ് നടത്താനും മിനക്കെടാതെ അയാളുടെ മടങ്ങി വരവിനായി പ്രാർത്ഥിക്കുക എന്നത് ഒരു മിനിമം മര്യാദയാണ്. ഇനി പ്രാർത്ഥിച്ചില്ലെങ്കിൽ കൂടി അദ്ദേഹത്തെയും അദ്ദേഹത്തിൻ്റെ ജീവിതവുമായി ബന്ധപ്പെട്ടവരെയും സ്മാർത്ത വിചാരണ ചെയ്യാതെയെങ്കിലും ഇരിക്കുക. ബാല എത്രയും വേഗം രോഗത്തെ തോല്പിച്ച് ചിരിച്ചുകൊണ്ട് മടങ്ങി വരട്ടെ.

The post ദിസ് ഇസ് റാങ് എന്ന് ചിരിച്ച് പറഞ്ഞ് കൊണ്ട് ബാല രോഗത്തെ തോൽപിച്ച് മടങ്ങി വരുമെന്ന് കരുതുന്നു- അഞ്ജു പാർവ്വതി പ്രഭീഷ് appeared first on Mallu Talks.



from Mallu Articles https://ift.tt/tIqndpe
via IFTTT
Previous Post Next Post