കിരീടവും ചെങ്കോലും ഉൾപ്പെടെ എത്രയെത്ര ചിത്രങ്ങളിൽ ഞങ്ങൾ ഒന്നിച്ചു; സ്നേഹസമ്പന്നനായ പച്ചമനുഷ്യനായിരുന്നു ജോണി; മോഹൻലാൽ

മലയാള ചലച്ചിത്ര നടൻ കുണ്ടറ ജോണിയുടെ നിര്യാണത്തിൽ അനുശോചിച്ച് നടൻ മോഹൻലാൽ. പ്രിയപ്പെട്ട ജോണി വിടപറഞ്ഞു. കിരീടവും ചെങ്കോലും ഉൾപ്പെടെ എത്രയെത്ര ചിത്രങ്ങളിൽ ഞങ്ങൾ ഒന്നിച്ചു.

സിനിമകളിൽ വില്ലൻ വേഷങ്ങളാണ് കൂടുതൽ ചെയ്തതെങ്കിലും ജീവിതത്തിൽ നൈർമല്യവും നിഷ്കളങ്കതയും നിറഞ്ഞ, സ്നേഹസമ്പന്നനായ പച്ചമനുഷ്യൻ ആയിരുന്നു, എനിക്ക് ഒരുപാട് പ്രിയപ്പെട്ട ജോണിയെന്നും മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു. ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളിനെയാണ് എനിക്ക് നഷ്ടമായത്. വേദനയോടെ ആദരാഞ്ജലികളെന്നും മോഹൻലാൽ കുറിച്ചു.

നാല് പതിറ്റാണ്ടിലേറെ നീണ്ട സിനിമാജീവിതത്തില്‍ നൂറിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചെങ്കിലും കിരീടത്തിലെയും അതിന്‍റെ തുടര്‍ച്ചയായ ചെങ്കോലിലെയും പരമേശ്വരനെപ്പോലെ അദ്ദേഹത്തിലെ നടനെ അടയാളപ്പെടുത്തിയ മറ്റൊരു കഥാപാത്രമില്ല.

കിരീടത്തില്‍ കൈയൂക്കിന്‍റെ ബലത്തില്‍ വിശ്വസിക്കുന്ന നിഷ്ഠൂരനെങ്കില്‍ ചെങ്കോലിലെത്തുമ്പോള്‍ അയാള്‍ പഴയകാല ജീവിതത്തിന്‍റെ നിരര്‍ഥകതയെക്കുറിച്ച് ഓര്‍ക്കുന്നയാളാണ്. കിരീടത്തിലെ മോഹന്‍ലാലിന്‍റെ സേതുമാധവനും തന്‍റെ പരമേശ്വരനും തമ്മിലുള്ള പ്രധാന സംഘട്ടന രംഗത്തിന്‍റെ ചിത്രീകരണത്തെക്കുറിച്ച് കുണ്ടറ ജോണി പിന്നീട് പറഞ്ഞിട്ടുണ്ട്. തിരുവനന്തപുരം മ്യൂസിയത്തോട് ചേര്‍ന്ന് മൃഗാവശിഷ്ടങ്ങള്‍ തള്ളുന്ന, കാട് കയറിയ സ്ഥലത്തായിരുന്നു ചിത്രീകരണം.

ലൊക്കേഷന്‍റെ ഭംഗിയും നിഗൂഢതയും കൊണ്ടാണ് സിബി ആ സ്ഥലം തെരഞ്ഞെടുത്തത്. എന്നാല്‍ ഇറച്ചി വേസ്റ്റ് തള്ളുന്ന സ്ഥലമാണെന്ന് ചിത്രീകരണം തുടങ്ങിയ ശേഷമാണ് മനസിലായത്. എന്ത് പറയുന്നുവെന്ന് സിബി മോഹന്‍ലാലിനോടും മോഹന്‍ലാല്‍ ജോണിയോടും ചോദിച്ചു. തനിക്ക് കുഴപ്പമില്ലെങ്കില്‍ എനിക്കും കുഴപ്പമില്ലെന്ന് മോഹന്‍ലാലിനോട് ജോണിയുടെ മറുപടി.

രാവിലെ തുടങ്ങിയ ചിത്രീകരണം ഉച്ച കഴിയും വരെ നീണ്ടു. അഴുക്കില്‍ കുളിഞ്ഞ തങ്ങള്‍ പിന്നീട് ഡെറ്റോളിലാണ് കുളിച്ചതെന്ന് ജോണി പറഞ്ഞിട്ടുണ്ട്. കിരീടത്തിന്‍റെ തമിഴ്, തെലുങ്ക് റീമേക്കുകളിലും ഇതേ വേഷം ചെയ്തത് കുണ്ടറ ജോണി തന്നെ ആയിരുന്നു.

The post കിരീടവും ചെങ്കോലും ഉൾപ്പെടെ എത്രയെത്ര ചിത്രങ്ങളിൽ ഞങ്ങൾ ഒന്നിച്ചു; സ്നേഹസമ്പന്നനായ പച്ചമനുഷ്യനായിരുന്നു ജോണി; മോഹൻലാൽ appeared first on Mallu Talks.



from Mallu Articles https://ift.tt/WBuMz3D
via IFTTT
Previous Post Next Post