ബിജെപിയിൽ ചേരാൻ ശ്രമിച്ച സിപിഎം ഉന്നത നേതാവ് ഇപി ജയരാജൻ ആണെന്ന് ശോഭാ സുരേന്ദ്രൻ. ഇപി ജയരാജന്റെ മകൻ തനിക്ക് മെസ്സേജ് അയച്ചിരുന്നെന്നും ഇപി ബിജെപിയിലേക്ക് വരുന്നതിനെ കുറിച്ച് പിണറായിക്കറിയാമെന്നും ശോഭ ആരോപിക്കുന്നു. ബിജെപിയിൽ പോകുമെന്ന ആരോപണങ്ങൾ ഇപി തള്ളിയതിന് പിന്നാലെയാണ് ഇത് സ്ഥിരീകരിച്ച് ശോഭാ സുരേന്ദ്രൻ രംഗത്തെത്തിയിരിക്കുന്നത്.
പത്രസമ്മേളനത്തിൽ മാധ്യമപ്രവർത്തകരിലൊരാളെ വിളിച്ച് മെസ്സേജ് കാട്ടിയാണ് ശോഭ വെളിപ്പെടുത്തൽ നടത്തിയത്. പ്ലീസ് നോട്ട് മൈ നമ്പർ എന്നതാണ് മെസ്സേജ്. കഴിഞ്ഞ വർഷം ജനുവരി 18നാണ് മെസ്സേജ് അയച്ചിരിക്കുന്നതെന്നാണ് വിവരം. ഇപി ജയരാജന്റെ മകൻ ശോഭാ സുരേന്ദ്രന് മെസ്സേജ് അയയ്‌ക്കേണ്ട കാര്യമെന്താണെന്നും ഇപിയുടെ കുടുംബത്തെ ബാധിക്കും എന്നതുകൊണ്ട് കൂടുതൽ കാര്യങ്ങൾ പറയുന്നില്ലെന്നും ശോഭ പറയുന്നു.
ദക്ഷിണേന്ത്യയിൽ ബിജെപിയിലേക്ക് കൂടുതൽ അംഗങ്ങളെ ചേർക്കുന്നതിനായുള്ള മെമ്പർഷിപ് ഡ്രൈവിന്റെ അഖിലേന്ത്യാ തലത്തിലെ കോ-കൺവീനർ ആണ് താനെന്നും നന്ദകുമാർ പറയുന്നത് പോലെ ചുമതല കിട്ടാൻ ആരുടെയും പുറകെ നടക്കുന്ന ആളല്ല താനെന്നും അവർ കൂട്ടിച്ചേർത്തു.
“ബഹുമാനപ്പെട്ട ഇപി ജയരാജൻ കേരളത്തിൽ ജീവിച്ചിരിക്കണം എന്ന് എനിക്കാഗ്രഹമുണ്ട്. അതുകൊണ്ട് കൂടുതൽ കാര്യങ്ങളൊന്നും പറയുന്നില്ല. പാർട്ടിയിലേക്ക് ഒരാളെ ചേർക്കാനുള്ള കടമ്പകളെല്ലാം പൂർത്തിയായി, അയാൾ അവസാന നിമിഷം പിന്മാറിയാൽ എനിക്ക് കൂടിയാണ് അത് ദോഷം ചെയ്യുക. എന്നിട്ടും ഇതുവരെ ഞാനിക്കാര്യം ആരോടും പറഞ്ഞില്ല. കാരണം കുപ്രസിദ്ധമായ ഒരു കൊലപാതക കേസിലെ ഒന്നാം പ്രതിയാണ് ഇന്നത്തെ കേരള മുഖ്യമന്ത്രി പിണറായി വിജയൻ. അവിടെ നിന്ന് തുടങ്ങിയതാണ് ഞങ്ങളുടെ ബലിദാനികളെ സൃഷ്ടിക്കാൻ. അദ്ദേഹം കേരളത്തിലെന്തൊക്കെ ചെയ്യും എന്ന് ബോധ്യമുണ്ടായിരുന്നത് കൊണ്ടാണ് ഇത്രയും നാളും ഒന്നും പറയാതിരുന്നത്. പക്ഷേ ഇതെല്ലാം എന്നെക്കൊണ്ട് പറയിച്ചതാണ്.
ഒരു കാര്യം ഞാനുറപ്പിച്ച് പറയാം. മാർക്‌സിസ്റ്റ് പാർട്ടിയുടെ കാൽക്കീഴിലെ മണ്ണ് ഒലിച്ചുകൊണ്ടിരിക്കുകയാണ്. ആ മണ്ണ് നഷ്ടപ്പെട്ടാൽ അവർക്കാകെ ആശ്രയം ഭാരതീയ ജനതാ പാർട്ടിയാകും”. ശോഭ പറഞ്ഞു.
The post ബിജെപിയിൽ ചേരാൻ ശ്രമിച്ച സിപിഎം നേതാവ് ഇപി ജയരാജൻ, രാഷ്ട്രീയ കേരളത്തെ നടുക്കുന്ന വെളിപ്പെടുത്തലുമായി ശോഭാ സുരേന്ദ്രൻ appeared first on Viral Max Media.
from Mallu Articles https://ift.tt/0INybhO
via IFTTT