സുരേഷ് ഗോപിയുടെ മകനായതു കൊണ്ട് അവസരം നഷ്ടപ്പെട്ടിട്ടുണ്ട്, അച്ഛന്റെ കോമഡി സിനിമകൾ ഇഷ്ടമല്ല, തുറന്നു പറഞ്ഞ് ഗോകുൽ സുരേഷ്

ഗോകുല്‍ സുരേഷ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഗഗനചാരി.’ ‘സാജന്‍ ബേക്കറി’ എന്ന ചിത്രത്തിന് ശേഷം അരുണ്‍ ചന്ദു സംവിധാനം ചെയ്യുന്ന ചിത്രമാണിത്. അജു വര്‍ഗീസ്, അനാർകലി മരിക്കാർ തുടങ്ങിയ താരങ്ങളും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഈ മാസം 21ന് റിലീസാകുന്ന ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കിലാണ് താരങ്ങൾ.

സുരേഷ് ഗോപിയുടെ മകനായതുകൊണ്ട് തനിക്ക് സിനിമയിൽ ചില അവസരങ്ങൾ നക്ഷ്ടപ്പെട്ടുവെന്ന് ഗോകുൽ സുരേഷ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തി. ഗഗനചാരി പ്രമോഷനായി യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഗോകുൽ.

“പ്രത്യക്ഷത്തിൽ എന്നെ കാണിക്കുന്ന രീതിയിൽ ആരും പണിയുന്നതായി തോന്നിയിട്ടില്ലെങ്കിലും ഞാൻ അറിഞ്ഞിട്ടുണ്ട്. കൊറെ അവസരങ്ങൾ മാറിപ്പോകുന്നതൊക്കെ കാണുമ്പോൾ നമുക്ക് ഊഹിക്കാമല്ലോ, ഇതെന്താ നമ്മുടെ അടുത്ത് ഇങ്ങനെ ഉണ്ടാവുന്നതെന്ന്. അതിന്റെ ചില പാറ്റേണുകളോക്കെ എനിക്ക് മനസിലായിട്ടുണ്ട്.

നമ്മളെ അങ്ങനെ വെറുതെ വിടുകയല്ലെന്നും എനിക്ക് മനസിലായി. ഒരു ബന്ധമില്ലെങ്കിലും മകനാണെന്ന കാരണത്താൽ ചവിട്ട് ഇങ്ങോട്ടും വരുണ്ടെന്ന് മനസിലായിട്ടുണ്ട്. അത് പ്രത്യക്ഷത്തിൽ ആരും കാണിച്ചിട്ടില്ല. ചിലപ്പോൾ ചവിട്ടിയിട്ടുള്ള ആളുകൾ തന്നെ പിന്നീടൊരു വേദിയിൽ കാണുമ്പോൾ കെട്ടിപ്പിടിക്കുകയും സ്നേഹപ്രകടനം നടത്തുകയും നല്ലവാക്ക് പറയുകയും ഞാൻ ഗംഭീര നടനാണെന്ന പറയുകയുമൊക്കെ ചെയ്തിട്ടുണ്ട്. നമുക്ക് അറിയാം,” ഗോകുൽ പറഞ്ഞു.

സുരേഷ് ഗോപിയുടെ ചില സിനിമകളിലെ കോമഡി തനിക്ക് ഇഷ്ടമല്ലെന്നും ഗോകുൽ പറഞ്ഞു. “അച്ഛന്റെ ചില സിനിമകൾ എനിക്കും അത്ര ഇഷ്ടമല്ല. അച്ഛൻ അങ്ങനെ കോമഡി ചെയ്യേണ്ട. അങ്ങനെ തോന്നിയിട്ടുണ്ട്. അച്ഛന്റെ ശരീര പ്രകൃതത്തിനും ഇമേജിനും, നമുക്ക് ഇഷ്ടപ്പെടുന്നതരം സ്ഥിരം വേഷങ്ങൾ ചെയ്യുന്നതാണ് ഇഷ്ടം,” ഗോകുൽ പറഞ്ഞു.

സയന്‍സ് ഫിക്ഷന്‍ കോമഡി ജോണറിലാണ് ഗഗനചാരി ഒരുക്കിയിരിക്കുന്നത്. ആഗോള തലത്തിൽ നിരവധി മേളകളിൽ പ്രദർശിപ്പിച്ച ശേഷമാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ അജിത് വിനായകയാണ് ചിത്രത്തിന്റെ നിർമ്മാണം. സുർജിത്ത്.എസ് പൈ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.

കെ.ബി ഗണേഷ് കുമാർ, ജോൺ കൈപ്പള്ളിൽ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. അരുണ്‍ ചന്ദു, ശിവ സായി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. മെറാക്കി സ്റ്റുഡിയോസാണ് ചിത്രത്തിന്റെ ഗ്രാഫിക്സ്.

The post സുരേഷ് ഗോപിയുടെ മകനായതു കൊണ്ട് അവസരം നഷ്ടപ്പെട്ടിട്ടുണ്ട്, അച്ഛന്റെ കോമഡി സിനിമകൾ ഇഷ്ടമല്ല, തുറന്നു പറഞ്ഞ് ഗോകുൽ സുരേഷ് appeared first on Viral Max Media.



from Mallu Articles https://ift.tt/0xeSpgP
via IFTTT
Previous Post Next Post