കഞ്ഞിവെക്കാൻ അരിയില്ലാതെ വിഷമിക്കുന്ന കാലഘട്ടമായിരുന്നു അന്നൊക്കെ; ദാരിദ്ര്യ കാലത്തേ കുറിച്ച് പോളി വത്സൻ

നാടകങ്ങളിലൂടെ സിനിമയിലേക്ക് വന്ന മറ്റൊരു മികച്ച കലാകാരിയാണ് പോളി വത്സന്‍. സഹതാര വേഷങ്ങളില്‍ തന്റേതായ അഭിനയ പ്രകടനം കാഴ്ചവച്ച പോളി വളരെ പെട്ടന്ന് പ്രേക്ഷക ശ്രദ്ധ നേടി. സിനിമയെ വെല്ലുന്ന ജീവിതമാണ് പോളിയുടേത്. 2018 ആണ് പോളി വത്സന്റെ പുതിയ സിനിമ. ഒരു പൊലീസ് ഉദ്യോ​ഗസ്ഥയുടേ വേഷത്തിലാണ് പോളി വത്സനെത്തിയത്. ഇതിന് മുമ്പ് അപ്പൻ എന്ന സിനിമയിലും ശ്രദ്ധേയ വേഷം നടി ചെയ്തു.

മലയാള സിനിമയ്ക്ക് വൈകി കിട്ടിയ മികച്ച നടിയെന്ന് പ്രേക്ഷകർ പോളി വത്സനെ വിശേഷിപ്പിക്കുന്നു. ജീവിതത്തിൽ ഒട്ടേറെ പ്രതിസന്ധികൾ നേരിട്ടാണ് പോളി വത്സൻ ഇന്നീ നിലയിലേക്ക് ഉയർന്നത്. പട്ടിണിയും പ്രാരാബ്ദവും നിറഞ്ഞ തന്റെ കുട്ടിക്കാലത്തെക്കുറിച്ച് പോളി വത്സൻ‌ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി. അപ്പച്ചൻ ഫിഷിം​ഗ് ബോട്ടിൽ പോവുന്ന ആളായിരുന്നു. ആ സമയത്തൊക്കെ ദാരിദ്ര്യമുണ്ട്.

‘കഞ്ഞിവെക്കാൻ അരിയില്ലാതെ വിഷമിക്കുന്ന കാലഘട്ടമായിരുന്നു അന്നൊക്കെ. അങ്ങനെ ഒരു മഴയത്ത് ഇനി എന്ത് ചെയ്യും മോളേ എന്ന് അപ്പച്ചൻ ചോദിച്ചു. അപ്പച്ചൻ അങ്ങനെ പറഞ്ഞപ്പോൾ ഞാൻ കരഞ്ഞ് പോയി. പാവാട തലയിൽ കൂടെയിട്ട് ഞാൻ ഓടി. ഒരു പലചരക്ക് കടയുണ്ട്. ആ കട അടയ്ക്കാൻ നോക്കുകയായിരുന്നു, ജോസഫേട്ടാ എനിക്കൊരു കിലോ അരി തരാമോ, ഇപ്പോൾ പൈസയില്ല, എപ്പോഴെങ്കിലും തരാമെന്ന് പറഞ്ഞു’

‘അങ്ങനെ അയാൾ അരി തന്നു. മഴയത്ത് അരി പാവാടയിൽ പൊതിഞ്ഞ് വീട്ടിലേക്കോടി. കഞ്ഞി വെക്ക് അമ്മേ എന്ന് പറഞ്ഞു. എല്ലാ പിള്ളേരും കിടന്ന് ഉറങ്ങുകയാണ്. അമ്മച്ചി വേ​ഗം കഞ്ഞി വെച്ച് ഉറക്കത്തിൽ നിന്ന് എണീപ്പിച്ച് എല്ലാവർക്കും കൊടുത്തു. ഇവർ കുടിക്കുന്നത് കണ്ട് ഞാൻ നോക്കിയിരുന്നു. മോൻ കുടിക്കുന്നില്ലേയെന്ന് അപ്പച്ചൻ ചോദിച്ചു. ഞാൻ കുടിക്കാം, ഇവർ കുടിക്കട്ടെ എന്ന് പറഞ്ഞു. എന്നെക്കൊണ്ട് സാധിച്ചല്ലോ എന്നാണ് എനിക്ക് തോന്നിയത്’

അപ്പച്ചൻ എന്നെ കെട്ടിപ്പിടിച്ചു. ഇത്രയല്ലേ എനിക്ക് ചെയ്യാൻ പറ്റൂ, എന്നോടല്ലേ അപ്പച്ചന് പറയാൻ പറ്റൂ ഞാനല്ലേ മൂത്തതെന്ന് പറഞ്ഞു. രാത്രിയിലെ എന്റെ ചോറ് ഞാൻ തിന്നാറില്ല. ആ ചോറ് ഉറിയിലോട്ട് എടുത്ത് വെക്കും. രാവിലെ നാല് പേർക്കും കൂടി വീതിച്ച് കൊടുക്കാൻ പറയും. തലേദിവസത്തെ കഞ്ഞിയുടെ വെള്ളം ഉപ്പിട്ട് കുടിച്ച് ഞാൻ സ്കൂളിൽ പോവും’

‘എന്റെ കൂട്ടുകാരി അന്ന് നല്ലൊരു പൊസിഷനിലാണ്. അവൾ എനിക്ക് ചോറ് കൊണ്ട് വരും. വീട്ടിൽ ചോറുണ്ടാവില്ലല്ലോ എന്ന് കരുതി ചോറ് ഇറങ്ങാൻ പ്രയാസമാണ്. പിള്ളേരുടെ കൈയിൽ അഞ്ച് പൈസയൊക്കെയുണ്ടാവും. അവരോട് ചോദിക്കും. ഒരു രൂപ എൺപത്ത് രണ്ട് പൈസ ഉണ്ടെങ്കിൽ അന്ന് റേഷൻ കടയിൽ നിന്ന് ഒരു യൂണിറ്റ് അരി കിട്ടും’

‘വൈകുന്നേരം ഒരു രൂപ എൺപത്ത് രണ്ട് പൈസ ഞാൻ റെഡിയാക്കിയിട്ടുണ്ടാവും. പിള്ളേർക്കൊക്കെ എന്നെ ഇഷ്ടമായിരുന്നു. ഒരാൾ‌ പോലും അഞ്ച് പൈസ തിരിച്ച് ചോദിച്ചിട്ടില്ല. 25 രൂപ എനിക്ക് സ്കൂളിൽ കടമായി. സ്കൂൾ അടയ്ക്കാൻ പോവുകയാണ്. പിന്നെ ഇവരെ കാണില്ല’ അതിന് വേണ്ടിയാണ് ആദ്യ നാടകം അപ്പച്ചനറിയാതെ ചെയ്യുന്നതെന്നും പോളി വത്സൻ പറഞ്ഞു. സംസാരിക്കുന്നതിനിടെ നടി ഇടയ്ക്ക് കരയുകയും ചെയ്തു. സഹോദരങ്ങളെയെല്ലാം തനിക്ക് സംരക്ഷിക്കാൻ കഴിഞ്ഞെന്നും ഇപ്പോഴും അവരെ തനിക്ക് സഹായിക്കാൻ പറ്റുന്നുണ്ടെന്നും പോളി വത്സൻ പറഞ്ഞു.

The post കഞ്ഞിവെക്കാൻ അരിയില്ലാതെ വിഷമിക്കുന്ന കാലഘട്ടമായിരുന്നു അന്നൊക്കെ; ദാരിദ്ര്യ കാലത്തേ കുറിച്ച് പോളി വത്സൻ appeared first on Viral Max Media.



from Mallu Articles https://ift.tt/v7larON
via IFTTT
Previous Post Next Post